ഹരിതമിത്രം സർവ്വീസ് - താനൂർ ബ്ലോക്കിൽ മികച്ച നേട്ടം കൈവരിച്ച് ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്
September 10, 2026
10/09/2026
താനൂർ: ഹരിതമിത്രം സ്മാർട്ട് ആപ്പ് വഴിയുള്ള മാലിന്യപരിപാലന സർവ്വീസുകളിൽ താനൂർ ബ്ലോക്ക് പഞ്ചായത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്. 2026 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടം. ആകെ ലഭിക്കാവുന്ന 600 മാർക്കിൽ 488 മാർക്ക് നേടിയാണ് പഞ്ചായത്ത് ഈ തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്.
താനൂർ ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. നൗഷാദ് സി. സർട്ടിഫിക്കറ്റും അവാർഡും കൈമാറി. ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. വിനോദ് കെ.പി (കരിപ്പുറത്ത് പറമ്പിൽ), ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ജവഹർ സുഹാസ്, എം.സി.എഫ് കെയർടേക്കർ ഷിബിൽ ടി., ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡന്റ് ശ്രീമതി. ലിജിന, സെക്രട്ടറി ജിഷ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾക്ക് ശുചിത്വ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മോണിറ്റർ ചെയ്യുന്നതിനും ഹരിതകർമ്മസേനാംഗങ്ങൾക്ക് മാലിന്യ ശേഖരണം,പെയ്മെന്റ് തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിന് ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ് ആണ് ഹരിതമിത്രം.