പഞ്ചായത്തിന്റെ ഭൂപ്രകൃതി
ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഭൂമിശാസ്ത്രം
ഭൂപ്രകൃതി
മലകളും പാടശേഖരങ്ങളും ഇടചേര്ന്ന് അതിമനോഹരമായ ഭൂപ്രകൃതിയാണ് മലപ്പുറം ജില്ലയുടേത്. കിഴക്ക് ഭാഗത്ത് പശ്ചിമഘട്ട മലനിരകള് അതിരിടുമ്പോൾ പടിഞ്ഞാറ് അറബിക്കടല് വരെ എത്തി നില്ക്കുന്ന വൈവിധ്യമാര്ന്ന ഭൂപ്രകൃതിയാണ് ഈ ജില്ലയുടെ പ്രത്യേകത.
മലപ്പുറം ജില്ലയിലെ പ്രധാന നഗരമായ തിരൂരിനോട് അതിര്ത്തി പങ്കിടുമ്പോഴും തികച്ചും ഗ്രാമീണ നൈര്മല്യം നിലനിര്ത്തിപ്പോരുന്ന പ്രദേശമാണ് ചെറിയമുണ്ടം. പടിഞ്ഞാറ് ഭാഗത്തുള്ള അതിര്ത്തിയിലൂടെ ഒഴുകുന്ന തിരൂർ-പൊന്നാനി പുഴയാണ് തിരൂര് നഗരസഭയില് നിന്നും ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ അതിര്ത്തിയായി നിലകൊള്ളുന്നത്. അര നൂറ്റാണ്ട് മുമ്പ് വരെ വളരെ സമൃദ്ധമായി ഈ പുഴ ഒഴുകിയിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് ഈ പുഴ ജലസമൃദ്ധി കുറഞ്ഞ് ശോഷിച്ച് പോയിരിക്കുന്നു. മനുഷ്യന്റെ വിവേകരഹിതമായ പ്രവൃത്തികള് കാരണം പുഴ ഏറെ മലിനീകരിക്കപ്പെട്ടിരിക്കുന്നു.
തിരൂര് പൊന്നാനി പുഴയെ മലിനീകരണത്തിൽ നിന്നും രക്ഷിക്കാന് പരിസ്ഥിതി സ്നേഹികളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ഇടപെടലുകള് ഉണ്ടാകുന്നത് സ്വാഗതാര്ഹമാണ്. പുഴയെ സംരക്ഷിക്കുന്നതിന് പുഴയുടെ അതിര്ത്തിയിൽ ഇരുമ്പ് വേലി കെട്ടുന്ന പ്രാരംഭ പ്രവര്ത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പുഴ മുറിച്ച് തിരൂരിലേക്ക് പോകുന്ന തലക്കടത്തൂർ പാലത്തിന് മുകളിലായി മാലിന്യം വലിച്ചെറിയുന്നത് തടയാൻ ഫെൻസിംഗ് ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. പുഴയുടെ സമീപത്തായി ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് അതിർത്തിയിൽ നിരീക്ഷണ ക്യാമറയും സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്.
കടല് തീരത്തോട് ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ചെറിയമുണ്ടം പഞ്ചായത്തില് നരിയറക്കുന്ന്, ബംഗ്ലാവ് കുന്ന്, കോട്ടക്കുന്ന്, ചെനപ്പുറം മുതലായ ഉയര്ന്ന സ്ഥലങ്ങളും കാന്തള്ളൂർ, തലക്കടത്തൂര് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളും ഉള്പ്പെടുന്ന ഭൂപ്രകൃതിയാണുള്ളത്.
മഴക്കാലത്ത് ഉയര്ന്ന സ്ഥലങ്ങളിൽ നിന്നും ഒഴുകി എത്തുന്ന മഴവെള്ളം പുല്ലൂർതോട്, കുന്താണി തോട്, പള്ളിത്തോട്, കാന്തള്ളൂര് തോട്, പരീതോട്, ഇപ്പൂട്ടുങ്ങൽ തോട് എന്നീ തോടുകളിലൂടെ തിരൂര് - പൊന്നാനി പുഴയിലും അത് വഴി ഭാരതപുഴയിലും ഒഴുകി എത്തുകയാണ് പതിവ്. ഭാരതപുഴയില് ക്രമാതീതമായി വെള്ളമുയരുന്നത് ചെറിയമുണ്ടത്തെ താഴ്ന്ന പ്രദേശങ്ങളില് വെള്ളപ്പൊക്കത്തിന് ഇടയാക്കാറുണ്ട്. 2018-ഓഗസ്റ്റ് മാസത്തില് ഇത്തരത്തില് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവാന് ഇടയാക്കിയിട്ടുണ്ട്.
വിഭവങ്ങള്
നെല്ല്, തേങ്ങ, വെറ്റില, അടക്ക തുടങ്ങിയവയുടെ കൃഷിയാണ് കാര്ഷിക മേഖലയുടെ നട്ടെല്ല്. കാല് നൂറ്റാണ്ട് മുമ്പ് വരെ പ്രദേശത്തെ ജനജീവിതം ഇവയെ ആശ്രയിച്ചും ഇവയുടെ വാണിജ്യത്തെ ചുറ്റിപറ്റിയും ആയിരുന്നുവെങ്കിൽ ഇന്ന് കൃഷി ക്രമാതീതമായി കുറയുകയും വിദേശരാജ്യങ്ങളിലേക്ക് ജോലി തേടി പോവുന്ന പ്രവണത വര്ദ്ധിക്കുകയും ചെയ്തതായി കാണുന്നു.
കൃഷി ആദായകരമല്ലാതായതും ജലദൗര്ലഭ്യവുമാണ് കൃഷിയെ ദോഷകരമായി ബാധിക്കാൻ കാരണമെന്ന് പഴമക്കാരുടെ അനുഭവ സാക്ഷ്യപ്പെടുത്തലിൽ നിന്നും മനസ്സിലാകുന്നു.
കേരള സര്ക്കാരിന്റെയും പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സംയുക്തമായ ഇടപെടലിന്റെ ഫലമായി പച്ചക്കറികൃഷി, കുറച്ചധികം സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന് സാധിച്ചിട്ടുണ്ട് എന്നുള്ളത് ഏറെ ആശ്വാസകരമാണ്.