ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
ഹീറ്റ് ആക്ഷൻ പ്ലാൻ 2026

ഹീറ്റ് ആക്ഷൻ പ്ലാൻ 2026 - ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലമുണ്ടാകുന്ന അതിതീവ്രമായ ചൂടിനെയും ഉഷ്ണതരംഗത്തെയും ഫലപ്രദമായി നേരിടുന്നതിനാണ് ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. പഞ്ചായത്തിലെ ജനങ്ങളുടെയും മറ്റ് ജീവജാലങ്ങളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുകയും ചൂട് മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുകയുമാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വേനൽക്കാലത്ത് സൂര്യാഘാതം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ പൊതുജനങ്ങൾ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. ബോധവൽക്കരണ പ്രചാരണങ്ങൾക്കായി നോട്ടീസുകൾ, സോഷ്യൽ മീഡിയ, സ്കൂളുകളിലെ പ്രത്യേക അസംബ്ലികൾ, പ്രത്യേക ഗ്രാമസഭകൾ എന്നിവ പ്രയോജനപ്പെടുത്തുന്നു. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക, ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് തൊഴിൽ സമയ പുനഃക്രമീകരണം നടത്തുക, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ പ്രധാന നിർദ്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നു. ഹ്രസ്വകാല പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവഴികളിലും ബസ് സ്റ്റാൻഡുകളിലും തണ്ണീർപ്പന്തലുകളും താൽക്കാലിക വിശ്രമകേന്ദ്രങ്ങളും സ്ഥാപിച്ച് ശുദ്ധജല വിതരണം ഉറപ്പാക്കുന്നു. തദ്ദേശീയ ആരോഗ്യ കേന്ദ്രങ്ങളിൽ ഹീറ്റ് ക്ലിനിക്കുകൾ സജ്ജമാക്കുകയും, കിടപ്പുരോഗികൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും പ്രത്യേക ശ്രദ്ധയും ആരോഗ്യ നിരീക്ഷണവും ഉറപ്പാക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പുകൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാൻ ഒരു പ്രത്യേക നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദീർഘകാല പദ്ധതിയായി പൊതുവിടങ്ങളിൽ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കൽ, കൂൾ റൂഫുകളുടെ നിർമ്മാണം, തെരുവ് വിളക്കുകൾ പൂർണ്ണമായും സോളാറിലേക്ക് മാറ്റൽ എന്നിവ നടപ്പിലാക്കുന്നു. കൂടാതെ, കുളങ്ങളും തോടുകളും ശുചീകരിച്ച് ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും മഴവെള്ള സംഭരണത്തിനുമായി സമഗ്രമായ പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

  • Heat Action Plan 2026