ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചെറിയമുണ്ടത്തിന്റെ ചരിത്രം
സാമൂഹ്യചരിത്രം
വെട്ടത്തു രാജവംശത്തില്‍ നിന്നും തുടങ്ങി, മലപ്പുറം ജില്ലയുടെ രൂപീകരണം വരെയുള്ള കാലഘട്ടത്തിനിടയ്ക്ക്, നിരവധി ചരിത്രസംഭവങ്ങള്‍ക്ക് ഈ പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരളത്തില്‍ പെരുമാക്കന്‍മാരുടെ ഭരണത്തിനുമുമ്പ്, തളിയാതിരിമാര്‍ എന്ന ബ്രാഹ്മണര്‍ ഭരണം നടത്തിയിരുന്നതായി ചരിത്രസൂചനകളുണ്ട്. പ്രസ്തുത ഭരണകാലത്ത് “ മണ്‍റങ്ങള്‍ ” എന്നാണ് ബ്രാഹ്മണരുടെ വാസസ്ഥലങ്ങള്‍ അറിയപ്പെട്ടിരുന്നത്. നാല്‍പ്പത്തിമൂന്ന് ഇല്ലങ്ങൾ കൂടിച്ചേര്‍ന്ന പ്രദേശമായിരുന്നിതിനാൽ, ഇവിടം “ചെറിയ മണ്റം” എന്നറിയപ്പെടാന്‍ തുടങ്ങിയെന്നും പിന്നീടതു ലോപിച്ച്, ചെറിയമുണ്ടമായി രൂപാന്തരപ്പെട്ടുവെന്നുമാണ് സ്ഥലനാമചരിത്രം. പെരുമാക്കന്‍മാരുടെ ഭരണകാലത്തിനു ശേഷം വെട്ടത്തുരാജാവിന്റെ അധീനതയില്‍ പെട്ട നാല്‍പ്പതു ദേശങ്ങളില്‍ പെട്ടതായിരുന്നു ഇരിങ്ങാവൂർ, ചെറിയമുണ്ടം എന്നീ അംശങ്ങള്‍. വെട്ടത്തു രാജവംശത്തിന്റെ ശിഥിലീകരണത്തെ തുടര്‍ന്ന്, പ്രസ്തുത അംശങ്ങള്‍ സാമൂതിരിയുടെ ഭരണത്തിന്‍ കീഴിലായി. നാല്‍പ്പത്തിമൂന്ന് ഇല്ലങ്ങളുടെ സമുച്ചയമായിരുന്നു അന്നത്തെ ചെറിയമുണ്ടം, ഇരിങ്ങാവൂര്‍ അംശങ്ങൾ. ഒരുപുലാശ്ശേരി മന, തൃക്കണ്ടിയൂർ ദേവസ്വം, കോഴിക്കോട് മാനവിക്രമ സാമൂതിരി, കോട്ടില്‍ നമ്പിടി, പടിഞ്ഞാറ്റകത്ത് നാരായണന്‍ മൂസ്സത്, എട്ടുവീട്ടില്‍ കോമുക്കുട്ടി, വള്ളത്തോള്‍ ഗോപാല മേനോൻ, പുതുകൈയ്യില്‍ പതുമാളിയേക്കല്‍ അഹമ്മദ് തുടങ്ങിയ ഭവുടമകളും ജന്മികളും ചേര്‍ന്നായിരുന്നു ഇരിങ്ങാവൂര്‍, ചെറിയമുണ്ടം അംശത്തിലെ ഭൂമി മുഴുവന്‍ കൈയ്യടക്കിവച്ചിരുന്നത്. കര്‍ഷകരായ കുടിയാന്മാരെക്കൊണ്ട് പണിയെടുപ്പിച്ച്, പാട്ടം വാങ്ങിയായിരുന്നു ഇക്കൂട്ടര്‍ ജീവിച്ചിരുന്നത്. ജന്മി-കുടിയാന്‍ സമ്പ്രദായം ശക്തമായി നിലനിന്ന പ്രദേശമായിരുന്നു ഇത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹൈന്ദവക്ഷേത്രങ്ങളും, മുസ്ളീം ആരാധനാലയങ്ങളും കൊണ്ട് സമ്പന്നമാണ് ഈ ഗ്രാമം. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ളതാണ്, ഇരിങ്ങാവൂരിലെ ശിവക്ഷേത്രമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ചോപ്പന്റെ മണ്ടകം, ഹനുമാന്‍ ക്ഷേത്രം എന്നിവയ്ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പഴക്കം കൊണ്ടും പ്രൌഢി കൊണ്ടും പ്രശസ്തമാണ്, ചാത്തന്‍ കുളങ്ങര ജുമാഅത്ത് പള്ളി, തലക്കടത്തൂര്‍ ജുമാഅത്ത് പള്ളി, ആശാരിപ്പാറ ജുമാഅത്ത് പള്ളി, അമ്പലംകുന്ന് ജുമാഅത്ത് പള്ളി, പറപ്പൂത്തടം ജുമാഅത്ത് പള്ളി, വാണിയനൂര്‍ ജുമാഅത്ത് പള്ളി എന്നിവ. 1901-ല്‍ തലക്കടത്തൂർ പുഴയ്ക്കു മീതെ കല്‍പ്പാലം സ്ഥാപിക്കുന്നതോടു കൂടിയാണ്, ചെറിയമുണ്ടം ഗ്രാമത്തിന്റെ ആധുനിക ഗതാഗതചരിത്രം ആരംഭിക്കുന്നത്. പിന്നീട് ഈ പാലം 1935-ല്‍ പുതുക്കിനിര്‍മ്മിച്ചതോടെ, റോഡുമാര്‍ഗ്ഗം പൊന്നാനിയുമായി ബന്ധപ്പെടുന്നതിന് വഴിയൊരുങ്ങി. അതുവരെ വഞ്ചികളുപയോഗിച്ചുകൊണ്ട്, ജലമാര്‍ഗ്ഗേണ മാത്രമായിരുന്നു, അക്കാലത്ത് വ്യാപാര കേന്ദ്രമായ തലക്കടത്തൂരില്‍ നിന്നും പൊന്നാനിയിലേക്ക് അടയ്ക്ക, തേങ്ങ, തുടങ്ങിയവ കയറ്റിയയച്ചിരുന്നതും, തിരിച്ച് പലവ്യഞ്ജനങ്ങളും അരിയും മറ്റും ഇറക്കുമതി ചെയ്തിരുന്നതും. നിരത്തുകള്‍ വരുന്നതിനു മുമ്പ്, ഇവിടുത്തെ ചില സമ്പന്നകുടുംബങ്ങള്‍ യാത്രക്കായി മഞ്ചല്‍ ഉപയോഗിച്ചിരുന്നു. കൂടാതെ കാളകളെ പൂട്ടിയ സവാരി വണ്ടികളും യാത്രക്കായി ഉപയോഗപ്പെടുത്തിയിരുന്നു. പഞ്ചായത്തിലൂടെ കടന്നു പോകുന്ന ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഗതാഗതപാതയാണ്, മലപ്പുറം-തിരൂര്‍ ജില്ലാ റോഡ്. ഇവിടെനിന്നും ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച നിരവധി മഹത് വ്യക്തികളുണ്ടായിരുന്നു. കോണ്‍ഗ്രസ്സിന്റെ ആദ്യകാല പ്രവര്‍ത്തകരായിരുന്ന പുളിക്കപ്പറമ്പില്‍ കുഞ്ഞഹമ്മദുകുട്ടി, നെല്ലിയേരി ഉപ്പാസാഹിബ്, കള്ളിക്കല്‍ ആലി മുഹമ്മദാജി, കള്ളിക്കല്‍ അസൈനാർ, പാട്ടത്തില്‍ ബീരാന്‍കുട്ടി ഹാജി തുടങ്ങിയവർ അവരില്‍ ചിലരാണ്. 1921-ലെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടിയിലുണ്ടായ ലഹളയില്‍ ബ്രിട്ടീഷ് പട്ടാളവുമായി ഏറ്റുമുട്ടി വെടിയേറ്റു മരിച്ച ധീര ദേശാഭിമാനികളായ പാറാപ്പറമ്പ് വെളുത്തേടത്ത് പരിയും, ഹുസ്സന്‍കുട്ടി മൊല്ലായും ഈ നാട്ടുകാരായിരുന്നു. ഈ ലഹളയുമായി ബന്ധപ്പെട്ട് ബെല്ലാരി ജയിലില്‍ തുറങ്കിലടക്കപ്പെട്ടവരാണ് ചോലക്കത്തുമ്പില്‍ ബീരാന്‍ കുട്ടിയും, പിലാത്തോട്ടത്തില്‍ ഏന്തിയും. 1957-ല്‍ ഭൂപരിഷ്കരണ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചതോടു കൂടി കുടിയിറക്കു ഭീഷണി ഒഴിവാകുകയും, 1970-ല്‍ ഭൂപരിഷ്കരണനിയമം നടപ്പിലായതോടെ കൃഷിഭൂമി കര്‍ഷകനെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുകയും ചെയ്തു.
ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് പറമ്പാട്ട് (പാട്ടത്തില്‍) തറവാട്ടുകാര്‍ വിട്ടുകൊടുത്ത ബംഗ്ളാവിന്‍കുന്നിലെ സ്ഥലത്ത്, തുക്കിടി സായിപ്പിനുവേണ്ടി നിര്‍മ്മിച്ച അള്‍ത്താരയോടു കൂടിയ പുരാതന കെട്ടിടത്തിലാണ് മുമ്പ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. പൊന്നാനിക്കും മലപ്പുറത്തിനുമിടയില്‍ ഒന്നര നൂറ്റാണ്ടിനു മുമ്പ് ബ്രിട്ടീഷുകാര്‍ക്ക് വിശ്രമിക്കാനുള്ള ഏക ടൂറിസ്റ്റ് ബംഗ്ളാവായിരുന്നു ഇത്. കേസ് വിചാരണ നടത്തുന്നതിനുള്ള “തുക്കിടികച്ചേരി”യായും മറ്റും അക്കാലത്തിത് ഉപയോഗപ്പെടുത്തിയിരുന്നു. ഇതോടനുബന്ധിച്ച് ഒരു അടുക്കളയും, കുതിരപ്പന്തിയും കൂടി പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ 1921-ലെ മലബാർ കലാപ കാലത്ത് തടങ്കല്‍പ്പാളയം എന്ന നിലയിലും ഇതുപയോഗിച്ചിരുന്നു. 19-)-നൂറ്റാണ്ടിന്റെ അന്ത്യകാലത്ത് ഇരിങ്ങാവൂര്‍ അംശത്തിന് പ്രത്യേകമായി കുറുപ്പുംപടിക്കല്‍ അംശക്കച്ചേരി പ്രവര്‍ത്തിച്ചിരുന്നു.
തമിഴ്നാട് സ്വദേശികളായ എ.പി.ചിന്നമീരാന്‍ റാവുത്തരുടെ എ.പി.സി.കമ്പനിയും, സി.എ.വെള്ളേപ്പറാവുത്തരുടെ സി.എ.വി. കമ്പനിയുമാണ് ഈ പ്രദേശത്ത് വ്യവസായ രംഗത്തെ പ്രഥമ സംരംഭങ്ങള്‍.
കുറുക്കോളി സൈയ്താലി, നെടിയേടത്ത് എറമു, മുത്താണിക്കാട് അഹമ്മദ്, പൂച്ചേങ്ങല്‍ ഏന്തു എന്നിവരായിരുന്നു തലക്കടത്തൂരില്‍ കാലിച്ചാക്ക് കച്ചവടത്തിനു തുടക്കംകുറിച്ചവർ. പഴയകാലത്ത് തലക്കടത്തൂരില്‍ നിന്നും പൊന്നാനി വഴി ബറൂച്ച്, സൂറത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് നാളികേരം കയറ്റി അയച്ചിരുന്നു. ഇങ്ങനെ സമ്പന്നവും സമൃദ്ധവുമായ ഒരു വ്യാവസായിക ചരിത്രമാണ് ഈ പഞ്ചായത്തിനുള്ളത്.
1955 ഡിസംബര്‍ 5-ന് തിയതിയാണ് ചെറിയമുണ്ടം പഞ്ചായത്ത് നിലവില്‍ വന്നത്.
- വിദ്യാഭ്യാസ ചരിത്രം
1915-ഓടു കൂടിയാണ് ചെറിയമുണ്ടത്തിന്റെ ആധുനിക വിദ്യാഭ്യാസ ചരിത്രം ആരംഭിക്കുന്നത്. ചെറിയമുണ്ടം എ.എം.എല്‍.പി.സ്കൂള്‍ ആലുംകുണ്ട്, ജി.എം.എല്‍.പി.സ്കൂള്‍ ഇരിങ്ങാവൂര്‍, എസ്.വി.എ.യു.പി.സ്കൂള്‍ ഇരിങ്ങാവൂർ, ജി.എം.എല്‍.പി.സ്കൂള്‍ പറപ്പൂത്തടം, എ.എം.എല്‍.പി.സ്കൂള്‍ തലക്കടത്തൂർ നോര്‍ത്ത് (ഓവുങ്ങല്‍), ജി.എം.എല്‍.പി.സ്കൂള്‍ തലക്കടത്തൂര്‍, എ.എം.യു.പി.സ്കൂള്‍ വാണിയനൂർ, എ.എം.എല്‍.പി.സ്കൂള്‍ ഇരിങ്ങാവൂർ നോര്‍ത്ത് തുടങ്ങിയവയാണ് വിദ്യാഭ്യാസരംഗത്ത് ഇവിടെയുണ്ടായ പ്രഥമ സംരംഭങ്ങള്‍. ആ കാലഘട്ടത്തില്‍ ഉന്നതവിദ്യാഭ്യാസം നേടിയ പല വ്യക്തികളും ഈ പ്രദേശത്തുണ്ടായിരുന്നു. അക്കൂട്ടത്തില്‍ മാടമ്പത്ത് തടത്തിൽ ഹംസക്കുട്ടി കോഴിക്കോട് ജില്ലാ ഡെപ്യൂട്ടി കളക്ടറായും, നെല്ലിക്കല്‍ കുഞ്ഞിക്കോയ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലാ കളക്ടറായും, തെണ്ടത്ത് കുഞ്ഞിമൊയ്തീന്‍ എന്ന ബാപ്പുഹാജി ജില്ലാ സപ്ളൈ ഓഫീസറായും, സുകുമാരന്‍പണിക്കർ കോഴിക്കോട് ജില്ലയിൽ തഹസ്സില്‍ദാറായും സേവനമനുഷ്ഠിച്ച മഹത് വ്യക്തികളില്‍ ചിലർ മാത്രമാണ്. ഇതില്‍ നിന്നും ഇവിടുത്തെ വിദ്യാഭ്യാസരംഗം വളര്‍ത്തി വലുതാക്കി, ഉന്നത ഔദ്യോഗിക പദവികളിലെത്തിച്ചേര്‍ന്ന ഈ പ്രദേശത്തുകാരുടെ പങ്ക് മനസ്സിലാക്കാവുന്നതാണ്. 1935 കാലഘട്ടങ്ങളില്‍ ബി.എ. ബിരുദം നേടിയ ഏക വ്യക്തിയായിരുന്നു പി.കെ. മൂസാ സാഹിബ്. ഇദ്ദേഹം ഓയില്‍ മില്ലിനായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഇന്നത്തെ തിരൂര്‍ സീതിസാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് പ്രവര്‍ത്തിക്കുന്നത്.
സാംസ്കാരികചരിത്രം
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹൈന്ദവക്ഷേത്രങ്ങളും, മുസ്ളീം ആരാധനാലയങ്ങളും കൊണ്ട് സമ്പന്നമാണ് ഈ ഗ്രാമം. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ളതാണ്, ഇരിങ്ങാവൂരിലെ ശിവക്ഷേത്രമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ചോപ്പന്റെ മണ്ടകം, ഹനുമാന്‍ ക്ഷേത്രം എന്നിവയ്ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭഗവതി ക്ഷേത്രത്തിനോടനുബന്ധിച്ച് തെയ്യം, തിറ, പൂതം തുടങ്ങിയ കലാരൂപങ്ങള്‍ ദേശം ചുറ്റിയിരുന്നു. പഴക്കം കൊണ്ടും പ്രൌഢി കൊണ്ടും പ്രശസ്തമാണ്, ചാത്തന്‍ കുളങ്ങര ജുമാഅത്ത് പള്ളി, തലക്കടത്തൂര്‍ ജുമാഅത്ത് പള്ളി, ആശാരിപ്പാറ ജുമാഅത്ത് പള്ളി, അമ്പലംകുന്ന് ജുമാഅത്ത് പള്ളി, പറപ്പൂത്തടം ജുമാഅത്ത് പള്ളി, വാണിയനൂര്‍ ജുമാഅത്ത് പള്ളി എന്നിവ. പാരമ്പര്യ സിദ്ധ വൈദ്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പല വ്യക്തികളും ഈ പഞ്ചായത്തിലുണ്ടായിരുന്നു. മച്ചിങ്ങല്‍ മുഹമ്മദ് എന്ന ബാപ്പു മുസ്ളിയാര്‍, ഊട്ടുപറമ്പില്‍ നാരായണന്‍, കൂരിയാറ്റില്‍ വെളുത്ത രാമനും, കറുത്ത രാമനും, കളത്തിങ്ങല്‍ ഹബീബ് കോയ തങ്ങൾ, കമ്മുണ്ണി മുസ്ളിയാര്‍, ഉണ്ണിച്ചോപ്പന്‍സ് എന്നിവർ അക്കൂട്ടരിൽ ചിലർ മാത്രം. കലാരംഗത്തു പ്രശസ്തരായ നിരവധി പേര്‍ക്ക് ജന്മം നല്‍കിയ ചെറിയമുണ്ടത്തിന്റെ കലാചരിത്രത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇമ്പമാര്‍ന്ന മാപ്പിളപ്പാട്ടുകള്‍ നിമിഷനേരം കൊണ്ട് രചിച്ചിരുന്ന ഗായകരായിരുന്നു തൂമ്പില്‍ അഹമ്മദുകുട്ടിയും, കുറ്റിപ്പുലാന്‍ അഹമ്മദുകുട്ടിയും. കുടുക്കില്‍ ചന്തു, കൂരിയാറ്റില്‍ കുട്ടന്‍വൈദ്യര്‍, കാന്തളൂര്‍ കുമാരന്‍ തുടങ്ങിയ പ്രശസ്തരായ പല ചെണ്ടമേളക്കാരും ചെറിയമുണ്ടത്തുകാരായിരുന്നു. മമ്മിണി ഉപ്പാപ്പാന്റെ നേര്‍ച്ചയോടനുബന്ധിച്ച് (പറപ്പൂത്തടം) നടന്നുവന്നിരുന്ന “പടകളിതല്ലി”ല്‍ ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ പങ്കെടുത്തിരുന്നു. ഇരിങ്ങാവൂരിലെ മണ്ടകത്തും പറമ്പിലും, ചെറിയമുണ്ടത്തെ കള്ളിക്കലും, ചോലപ്പുറത്തും നടന്നിരുന്ന “പകിടകളി”യും പ്രസിദ്ധമാണ്. 1970-കളുടെ പകുതി വരെ, പനമ്പാലത്തിനടുത്ത് ഇളംകുളത്ത് ബാവഹാജിയുടെ സ്ഥലത്ത് കാളപൂട്ട് മത്സരം ആഘോഷപൂര്‍വ്വം നടത്തപ്പെട്ടിരുന്നു. പഞ്ചായത്തിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും മുസ്ളീംകുടുംബങ്ങളാണ്. മുസ്ളീം ആരാധനാലയങ്ങള്‍ പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും സ്ഥിതിചെയ്യുന്നുണ്ട്. പറാള്‍ പള്ളിയില്‍ ആണ്ടുതോറും “അപ്പ വാണിഭ നേര്‍ച്ച” നടത്താറുണ്ട്. ജാതിമതഭേദമെന്യേ ധാരാളം ജനങ്ങള്‍ ഇതിൽ പങ്കെടുക്കാറുണ്ട്. ഇരിങ്ങാവൂര്‍ പുളിക്കപറമ്പിലും ഇതുപോലെ നേര്‍ച്ച നടത്താറുണ്ട്. നേര്‍ച്ചകളോടനുബന്ധിച്ച്, മുസ്ളീങ്ങളുടെ തനതുകലാരൂപങ്ങളായ ദഫ്മുട്ട്, കോല്‍ക്കളി എന്നിവ നടക്കാറുണ്ട്. ഇരിങ്ങാവൂര്‍ ശിവക്ഷേത്രം, ഇരിങ്ങാവൂര്‍ പരദേവതാക്ഷേത്രം, ചെറിയമുണ്ടം ഹനുമാന്‍ ക്ഷേത്രം, മണ്ടകത്തില്‍ പറമ്പ് ശ്രീകുറുമ്പക്ഷേത്രം എന്നിവയാണ് പ്രധാന ഹൈന്ദവാരാധനാലയങ്ങള്‍. ശ്രീകുറുമ്പക്ഷേത്രത്തില്‍, വര്‍ഷംതോറും നടന്നുവരുന്ന “നാട്ടുതാലപ്പൊലി” എന്ന ഉത്സവത്തില്‍ ഇവിടുത്തെ ചക്കാലക്കൽ എന്ന മുസ്സീം കുടുംബം പ്രധാന പങ്ക് വഹിച്ചുവരുന്നു.